Pages

Sunday, April 10, 2011

EDITOR'S CORNER

കൊല്ലത്തെ വിശേഷങ്ങള്‍

ഗോപകുമാര്‍ നെടിയത്ത്


                          കേരളം ദൈവത്തിന്‍റെ സ്വന്തം നാട്.അതിലേറെ ദൈവം അനുഗ്രഹം ചൊരിഞ്ഞ നാട്കൊല്ലം.കായലും കയറും കടലും തോടും പുഴകളും മാമലകളും നിറഞ്ഞ നാട്.രണ്ടായിരത്തി നാനൂറ്റി തൊണ്ണൂറ്റി ഒന്ന് ച.കി.മീ വിസ്തീര്‍ണം.ജില്ലയുടെ കിഴക്ക് കേരളത്തിന്‍റെ  അതിര്‍ത്തിയായ സഹ്യ പര്‍വതനിര.പടിഞ്ഞാറു അറബിക്കടല്‍. മുപ്പത്തിയേഴ് കി.മീ നീളമുള്ള കടല്‍ത്തീരം.കല്ലടയാറും ഇത്തിക്കര ആറും പള്ളിക്കല്‍ ആറും പധാന നദികള്‍.ആയിരത്തി ഇരുന്നൂറ്റി പതിനൊന്നു ച.കി.മീ വനഭൂമി.അഷ്ടമുടി,പരവൂര്‍,ഇടവ,നടയറ കായലുകള്‍.

                         വേണാടിന്‍റെ  തലസ്ഥനമായിരുന്ന കൊല്ലം പിന്നീട് ദേശിങ്ങനാടിന്‍റെ  തലസ്ഥാനമായി.കായലുകളുടെയും കശുവണ്ടി വ്യവസായത്തിന്‍റെയും നാടാണ് കൊല്ലം.പ്രാചീനകാലത്ത് അറബിക്കടലിന്‍റെ  തീരത്തെ പ്രധാന തുറമുഖ നഗരമായിരുന്നു കൊല്ലം.അറബികള്‍,റോമാക്കാര്‍,ചൈനക്കാര്‍,ഗ്രീക്കുകാര്‍,ഫിനീഷ്യര്‍,പേര്‍ഷ്യക്കാര്‍,തുടങ്ങിയ വിദേശികള്‍ പുരാതന കാലം മുതല്‍ തന്നെ കൊല്ലം തുറമുഖത്ത് വാണിജ്യ  ആവശ്യങ്ങള്‍ക്കായി  എത്തിയിരുന്നു.'കൊല്ലം' എന്ന പേര് വന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്.കൊല്ലവര്‍ഷത്തിന്‍റെ  ആരംഭവുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു.


പ്രധാനമന്ത്രി കൊല്ലത്ത് 

ചടയമംഗലം: ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് അമ്പത്തിഎട്ടിനു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്‍റെ  ഹെലികോപ്ടര്‍ കൊല്ലം ആശ്രാമം മൈതാനത്ത് പറന്നിറങ്ങി.പതിവ് വേഷമായ വെളുത്ത കുര്‍ത്തയും പൈജാമയും നീല തലപ്പാവും അണിഞ്ഞു പ്രധാനമന്ത്രി പുറത്തേക്ക് വന്നപ്പോള്‍ സമയം ഒന്ന് മൂന്ന്.പ്രചാരണ ചൂടിന്‍റെ ഉച്ചവെയിലിലേക്ക് പൊന്‍ തിളക്കമായി പറന്നിറങ്ങിയ പ്രധാനമന്ത്രി യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ആവേശക്കൊടുമുടിയില്‍ എത്തിച്ചാണ് മടങ്ങിയത്.മന്‍മോഹന്‍ സിങ്ങിന്‍റെ  സന്ദര്‍ശനത്തിലൂടെ ഡി.സി.സി ഓഫീസ് അങ്കണത്തിലെ നെഹ്‌റു മണ്ഡപം മറ്റൊരു ചരിത്ര സന്ദര്‍ഭത്തിനു കൂടി വേദിയായി.

ELECTION REVIEW

                          ചടയമംഗലം
                        മുല്ലക്കരയോ ഷാഹിദയോ ?

ചടയമംഗലം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. സ്ഥാനാര്‍ഥികള്‍ വിജയിക്കുവനായി സകല അടവുകളും പയറ്റുന്നു.നിക്ഷ്പക്ഷമതികളായ വോട്ടര്‍മാര്‍ക്ക് അവസാനവട്ട തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ട്.കണക്കുള്ള രാഷ്ട്രീയ വോട്ടുകള്‍ കൃത്യമായി പെട്ടിയില്‍ വീഴും. കണക്കു ചോദിക്കാന്‍ ആളില്ലാത്ത രാഷ്ട്രീയ വോട്ടുകള്‍ മറിയും.വിജയത്തിനു വേണ്ട അടിസ്ഥാന ഘടകം സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയാണ്.അഞ്ചു വര്ഷം എം. എല്‍ എ ആയിരുന്നാല്‍ മണ്ഡലത്തില്‍ സമൂലമായ മാറ്റങ്ങളൊന്നും വരുത്താന്‍ ഒരാള്‍ക്കും കഴിയുകയില്ല.ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ട കുറച്ചു കാര്യങ്ങളെങ്കിലും തുടങ്ങിവയ്ക്കാന്‍ കഴിയും.ജനങ്ങള്‍ ആഗ്രഹിക്കുന്നത് തങ്ങളുടെ എം.എല്‍.എ ഓടിച്ചെന്നൊരു സങ്കടം പറയാന്‍ പാകത്തില്‍ അടുത്ത് കിട്ടുന്ന ഒരാളായിരിക്കണം എന്നതാണ്.സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എപ്പോഴും സാധാരണ ജനങ്ങള്‍ എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചാണ്‌.കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമാണെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു.എന്നാല്‍ എല്‍. ഡി.എഫ് വിരുദ്ധ തരംഗങ്ങളൊന്നും കാണുന്നുമില്ല.ഇനി നാം ചിന്തിക്കേണ്ടത് ചടയമംഗലത്തെ ഭൂരിപക്ഷം ജനങ്ങള്‍ എങ്ങോട്ട് തിരിയും എന്നതാണ്.

                        സാധാരണക്കാരനില്‍ സാധാരണക്കാരനായി കടന്നുചെല്ലുന്ന എം.എല്‍.എ യെ കാണുമ്പോള്‍ ആര്‍ക്കാണ്‌ ഇഷ്ടം തോന്നാത്തത്.മന്ത്രിയായി സംസ്ഥാനം ഭരിക്കുമ്പോഴും ഒരു കാര്യക്കാരനെപ്പോലെ മണ്ഡലത്തിലുടനീളം സജീവ സാന്നിധ്യമായിരുന്ന ഒരു മനുഷ്യനെ ആരെങ്കിലും മറക്കുമോ?.ചടയമംഗലത്തുകാര്‍ക്ക് എപ്പോഴും കിട്ടുന്ന ഒരാളെന്ന നിലയില്‍ സാധാരണക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് മുല്ലക്കര രത്നാകരന്‍.മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും നിഷ്ഠയോടെ നോക്കിനടത്തുന്നതില്‍ അദ്ദേഹത്തിനു നൂറു മാര്‍ക്കും കിട്ടും.മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന മുല്ലക്കര വര്‍ഷങ്ങളായി ചടയമംഗലത്തെ സജീവ സാന്നിധ്യമാണ്.മുക്കിലും മൂലയിലും അദ്ദേഹത്തെ വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടമാണ് കാണാന്‍ കഴിയുന്നത്‌.മുല്ലക്കരയുടെ എതിര്നിരയിലെ പ്രമുഖ സ്ഥാനാര്‍ഥി ഷാഹിദാ കമാല്‍ ചടയമംഗലം മണ്ഡലത്തിലെ ചുണ്ടയിലാണ് ജനിച്ചുവളര്‍ന്നതെങ്കിലും വര്‍ഷങ്ങളായി കൊല്ലത്ത് കരിക്കോട്ടാണ് താമസിക്കുന്നത്.മണ്ഡലത്തില്‍ താരതമ്യേന പുതുമുഖമായ ഷാഹിദ അഞ്ചല്‍ കോളേജിലെ സഹപാഠികളുടെ പിന്തുണയാണ് ഏറെ പ്രതീക്ഷിക്കുന്നത്.മണ്ഡലത്തില്‍ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന നേതാക്കളെ പാര്‍ട്ടി ഒഴിവാക്കിയതിന്‍റെ ക്ഷീണവും ഷാഹിദ സഹിക്കണം.നമുക്ക് കാത്തിരുന്നു കാണാം.