Pages

Sunday, May 08, 2011

NOVEL

                            സ്നേഹഭൂമി

                              ഗോപകുമാര്‍ നെടിയത്ത്

                        
                                    പുലര്‍കാലത്താണ് രാജകുമാരന്‍ പാലമൂട്ടില്‍ ബസ്സിറങ്ങിയത്.ഹൈവേയ്ക്കരുകിലെ  കാത്തിരുപ്പ് കേന്ദ്രം വിജനമായിരുന്നു.റോഡിനു എതിര്‍വശത്തുള്ള ഖാദറിക്കയുടെ ചായക്കട തുറന്നിട്ടുണ്ട്.ചായ കുടിക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഒരു ചായ കുടിക്കാനായി റോഡിന്‍റെ മറുവശം കടക്കാനുള്ള മാനസ്സികാവസ്ഥയിലായിരുന്നില്ല അയാള്‍ അപ്പോള്‍.കിഴക്കോട്ട് കുറച്ചധികം നടക്കാനുണ്ട്.സമയം അഞ്ചര ആയതേയുള്ളൂ.സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷകള്‍ എത്തണമെങ്കില്‍ ഇനിയും രണ്ടര മണിക്കൂര്‍ കഴിയണം.വഴിയില്‍ പണ്ടൊക്കെ പട്ടികളുടെ ശല്യം ഉണ്ടായിരുന്നു.കൊന്നക്കമ്പും ഓടിച്ച് കയ്യില്‍ പിടിച്ചായിരുന്നു അന്നൊക്കെ യാത്ര.കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയില്‍ പെട്ടന്ന് എണ്ണിത്തീര്‍ക്കാന്‍ കഴിയുന്ന അവസരങ്ങളിലെ ഈ നാട്ടിലേക്ക് വന്നിട്ടുള്ളൂ.ആ വരവിനൊക്കെ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.ലക്ഷ്മിയെ കാണുക.അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിനും അന്ത്യമുണ്ടായി.ലക്ഷ്മിയെ മറ്റൊരാള്‍ വിവാഹം കഴിച്ചു.കുട്ടിക്കാലത്ത് എപ്പോഴോ മനസ്സില്‍ നാമ്പിട്ട ഒരു മോഹം.വളര്‍ന്നപ്പോള്‍ അത് പ്രണയമായി മാറി.ക്ഷേത്ര ദര്‍ശനങ്ങളും ഉത്സവങ്ങളും ഓണാഘോഷ പരിപാടികളും അതിനെ പ്രോത്സാഹിപ്പിക്കുന്ന വേദികളായി മാറി.രാജകുമാരനില്ലാതെ ലക്ഷ്മിക്കും ലക്ഷ്മി ഇല്ലാതെ രാജകുമാരനും ജീവിതമില്ലെന്ന വാഗ്ദാനങ്ങളുണ്ടായി.രാജകുമാരന്‍ അത് ഇന്നും പാലിക്കുന്നു.ലക്ഷ്മി ഇന്നൊരു വീട്ടമ്മയും നാല് വയസ്സുകാരന്‍റെ മാതാവുമാണ്.ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയാണ് അവളെ വിവാഹം കഴിച്ചത്.വിവാഹാലോചന വരുന്നതിനെക്കുറിച്ച് ഒരു സൂചനപോലും നല്‍കിയിരുന്നില്ല ലക്ഷ്മി.അങ്ങനെ ഒരു യാത്രപോലും പറയാതെ അവള്‍ പോയി.അച്ഛ്ന്‍റെ  സുഹൃത്തിന്‍റെ മകളായിരുന്നു.പക്ഷെ അവള്‍ എല്ലാമെല്ലാം ആയിരുന്നു.പ്രണയത്തെക്കുറിച്ച് അറിയാവുന്ന കുറച്ചുപേര്‍ ഉണ്ടായിരുന്നു.ചിലര്‍ സഹതപിച്ചു.മറ്റുചിലര്‍ കളിയാക്കാന്‍ അതൊരു അവസരമാക്കി.ചിലരാകട്ടെ ഒന്നും അറിയാത്തതായി ഭാവിച്ചു.ഒന്നാശ്വസിപ്പിക്കുവാന്‍ ആരും ഉണ്ടായിരുന്നില്ല.പിന്നീട് ഇങ്ങോട്ടുള്ള വരവ് കുറഞ്ഞു.ഈ നാടിനോടുള്ള ഭ്രമം കൂടുമ്പോള്‍ ഒന്ന് വന്നു പോവുകയായി.അതാര്‍ക്കും മനസ്സിലാവുന്ന ഒന്നായിരുന്നില്ല.ഒരിക്കല്‍ കുടുംബം വകയായുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ ഒരു ബന്ധു ചോദിച്ചത് ചടയമംഗലത്ത്കാരനായ നിനക്കെന്താ ഇവിടെ കാര്യം  എന്നാണു.എന്താ മറുപടി പറയുക?എനിക്കെന്താ ഇവിടെ കാര്യം?എനിക്കെന്താ ഇവിടെ കാര്യം?പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍റെ അച്ഛ്ന്‍ ചടയമംഗലത്തേക്ക് പറിച്ച് നട്ടതാണ് എന്‍റെ കുടുംബത്തെ.പിന്നെ എന്തിനാണ് ഞാന്‍ ഇങ്ങോട്ട് വരുന്നത്?വീണ്ടും വീണ്ടും വരുന്നത്?അതാര്‍ക്കും മനസ്സിലാവില്ലായിരുന്നു.ഇന്ന് ഇതാ ഇവിടേക്ക് വീണ്ടും വരുകയാണ്.ഓരോന്ന് ഓര്‍ത്ത് നടന്നതുകൊണ്ട്‌ നടത്തത്തിന്‍റെ  ദൈഘ്യം അയാള്‍ അറിഞ്ഞതേയില്ല.കിഴക്കെ ജംക്ഷനില്‍ എത്തിയപ്പോള്‍ അയാള്‍ക്ക്‌ അതിയായ സന്തോഷമുണ്ടായി.അയാള്‍ രാവിലെ സജീവമായിക്കൊണ്ടിരിക്കുന്ന രാഘവേട്ടന്‍റെ ചായക്കടയിലേക്ക് കയറി.ഒറ്റ നോട്ടത്തിലെ രാഘവേട്ടന് ആളെ മനസ്സിലായി.ആ മുഖത്ത് ഒരു അത്ഭുതമാണ് ആദ്യം ഉണ്ടായത്.
'നീയെന്താ ഇത്ര രാവിലെ?' അതടക്കിവയ്ക്കാന്‍ ആവാതെ രാഘവേട്ടന്‍ തിരക്കി.
രാജകുമാരന്‍ അതിനു മറുപടി ഒന്നും പറഞ്ഞില്ല.കടയിലുള്ളവരെയെല്ലാം ശ്രദ്ധിച്ചുകൊണ്ട് അയാള്‍ ഒഴിഞ്ഞുകിടന്ന ഒരു ബെഞ്ചിലേക്ക് ഇരുന്നു.
                                                                                                                                                                            (തുടരും)